2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഓർമ്മയിലെ ആദ്യ കളിക്കൂട്ടുകാരി അവൾതന്നെ ആയിരുന്നു... ലിജ.. അച്ഛന്റെ പെങ്ങളുടെ മകൾ കുടുംബക്കാരുടെ കണക്കുകൂട്ടലുകൾ പ്രകാരം എന്റെ മുറപ്പെണ്ണ്.. ഭാഗ്യമോ നിർഭാഗ്യമോ എന്നെക്കാൾ ഒരുവയസ്സ് മൂത്തതായിരുന്നു അവൾ. തറവാട്ടിലുണ്ടായിരുന്ന നാളുകളിലൊക്കെ ഞങ്ങളെന്നും ഒന്നിച്ചായിരുന്നു... പള്ളിപ്പറമ്പിലെ നെല്ലിമരത്തിൽ വലിഞ്ഞുകേറാനും, മില്ലിലെ ചേട്ടനോട് തേങ്ങാപ്പിണ്ണാക് ചോദിക്കാനും. വരുന്നവഴി ഉണങ്ങാനിട്ട മുറിതേങ്ങയിൽ നിന്നും ഒരു കഷ്ണം അടിച്ചുമാറ്റാനും.. പുഴയിലെ പരൽമീനുകളെ കൈവെള്ളയിലെത്തിക്കുന്ന സൂത്രം മാത്രം അവൾ ഒരിക്കലും പറഞ്ഞുതന്നിട്ടില്ല,അതവൾക്കു മാത്രം സ്വന്തമായിരുന്നു.. പലവിധ പ്രലോഭനങ്ങളും ഈക്കാര്യത്തിൽ മാത്രം വിലപ്പോയില്ല. മിക്കവാറും ദിവസങ്ങളിലൊക്കെ ചുവന്നപൂക്കളുള്ള ഒരു വലിയ പാവാടയും അവളെക്കാൾ വലിയൊരു ബനിയനും ഇട്ടാണ് ആളുടെ വരവ്. തന്നെക്കാൾ വലിയ പാവാടയിൽ പലതവണ തട്ടിവീണിട്ടും മൂന്നാം ദിവസം വീണ്ടും അവളതിൽ തന്നെ പ്രത്യക്ഷപ്പെടും.. ആ ചുവന്നപൂക്കൾക്കുവേണ്ടി എത്രദിവസം അമ്മായിടെ കയ്യിൽനിന്നു വഴക്കു സമ്പാദിച്ചിട്ടുണ്ടെന്നു അവൾക്കുതന്നെ കണക്കുണ്ടാവില്ല.. ഓരോ തവണ വഴക്കു കേൾക്കുമ്പോഴും പുരികം ചുളിച്, ചുണ്ടുകൂർപ്പിച്ചുള്ള അവളുടെണ് നോട്ടം പലപ്പോഴും എന്നെ ചിരിപ്പിച്ചിട്ടുണ്ട്.. തറവാട്ടിൽ നിന്ന് മാറിയതിനു ശേഷം അവളെ കാണുന്നത് തന്നെ കുറഞ്ഞുവന്നു.. ഒരുപാട് നാളുകൾക്കു ശേഷം സ്കൂളിൽ ചേരാൻ ചെന്നപ്പോഴാണ് കൂട്ട്കാരികളോടൊപ്പം കണ്ടത് അപ്പോഴും പല്ലിളിച്ചു കൊഞ്ഞനം കുത്താൻ പെണ്ണ് മറന്നില്ല. പിറ്റേദിവസം അച്ഛന്റെ കൈപിടിച്ചു ക്ലാസ്മുറി ലക്ഷ്യമാക്കി നടന്നപ്പോഴും അവൾ ഉണ്ടല്ലോ എന്ന ധൈര്യം വളരെ വലുതായിരുന്നു.. ഇന്റർവെല്ലിന്റെ ബെൽ മുഴങ്ങിയതിനു പിന്നാലെ അവളും എന്റെ ധൈര്യത്തിനു അടിവരയിട്ടു.. ഇടക്കെപ്പോഴോ കുടുംബങ്ങൾ തമ്മിൽ കാണിച്ച അകൽച്ച കുട്ടിമനസ്സുകളിലേക്കും അവർ കുത്തിവെച്ചു, ഞങ്ങൾ പരസ്പരം മിണ്ടാതായി. ക്ലാസ്മുറികൾ ഓരോന്നായി പിന്നോട്ട് പായുമ്പോഴും എവിടെയോ ആ പഴയ അകൽച്ചയും ഇല്ലാതായികൊണ്ടിരുന്നു. പുഞ്ചിരി വാക്കുകളിലേക്ക് ചേക്കേറുമ്പോഴേക്കും അവൾ നവോദയിലേക്ക് പറിച്ചു നട്ടിരുന്നു.. പോകുന്നതിനു മുൻപ് ഒരുപാട് സംസാരിച്ചു..ആദ്യ ദിനങ്ങൾ..നെല്ലിമരം..പുള്ളിപാവാട.. പക്ഷെ അപ്പോഴും പരൽമീനുകളെ മാത്രം അവൾ തന്നില്ല. ഒമ്പതാം ക്ലാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞതിന്റെ സന്തോഷത്തിൽ വീട്ടിലെത്തിയപ്പോഴാണ് 'അമ്മ പറയുന്നത് ലിജക്കു സുഖമില്ല നമുക്കൊന്ന് പോയിട്ട് വരാമെന്നു.. അച്ഛനും കൂടെ ഇറങ്ങി എന്താണെന്ന എന്റെ ചോദ്യത്തിന് അവിടെ അത്രവല്യ പ്രസക്തി ഒന്നും കിട്ടിയില്ല. നവോദയയിൽ പോയതിൽപിന്നെ അവളെ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളു.. അവളോട് സംസാരിക്കുമ്പോഴൊക്കെ റേഡിയോ ഓൺ ചെയ്തുവെച്ച പ്രതീതി ആണ്..അങ്ങോട്ടൊന്നും പറയാൻ സമ്മതിക്കില്ല,പറയുന്നത് ശ്രദ്ധിക്കുന്നില്ലന്നു മനസ്സിലായാൽ മുഖം വീർപ്പിക്കും. ആപൊട്ടിപ്പെണ്ണിന് എന്താ ഇത്ര അസുഖം....? അവസാനം കണ്ടപ്പോഴും തുള്ളിച്ചാടി തന്നെയാണ് പോയത്. വണ്ടി ഇറങ്ങി ആ പഴയ ഓടിട്ട വീട് ലക്ഷ്യമാക്കി നടക്കുമ്പോഴും ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ തികട്ടിവന്നുകൊണ്ടിരുന്നു.. വീടടുക്കുംതോറും അങ്ങിങ്ങായി ആൾക്കാരെ കാണാം, മുൻവശത്തായി നീല നിറത്തിലുള്ള ടാർപ്പായ് വലിച്ചു കെട്ടിയിട്ടുണ്ട്. ആരിലും പ്രത്യേകിച്ച് ഭാവഭേതങ്ങളൊന്നും തന്നെ കണ്ടില്ല.. അച്ഛൻ അടുത്തു കണ്ട ചേട്ടനോട് ചോദിക്കുന്നകേട്ടു., എപ്പോ കൊണ്ടുവരും..? അവൾ.....!! പോയത്രേ... ഇനി പല്ലിളിച്ചു കൊഞ്ഞനം കുത്താൻ അങ്ങനൊരാളില്ല.. എല്ലാവര്ക്കും ഇഷ്ട്ടാരുന്നു.. പുള്ളിക്കാരനും ഇഷ്ട്ടായിട്ടുണ്ടാകും, അതോണ്ടാവും നേരത്തേ വിളിച്ചോണ്ട്പോയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...