2018, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

മടുത്തുതുടങ്ങി...
റിസൈന്‍ ലെറ്റർ കൊടുക്കണമെന്നു വിചാരിച്ചിട്ട് നാളുകളായി. ഓരോ കാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു..
വീട്ടീന്ന് ഇറങ്ങിയപ്പൊത്തന്നെ ഉറപ്പിച്ചതാണ് ഇന്ന് എന്തായാലും കൊടുക്കണം.!
ഓഫീസിൽ എത്തി ആദ്യം തന്നെ ടൈപ്പ് ചെയ്തു വെച്ച സോഫ്റ്റ് കോപ്പിയിൽ ഒരു മാസത്തെ നോട്ടീസ് പീരീഡ്‌ വെച്ച് പ്രിന്റ് എടുക്കുകയായിരുന്നു..
എന്തോ തിരക്കുകാരണം വൈകി ആണ് സർ എത്തിയത് തന്നെ.
മുൻപൊരുതവണ ഈ കാര്യം അവതരിപ്പിച്ചതുകൊണ്ടു തന്നെ പ്രത്യേകിച്ച് ടെൻഷൻ ഒന്നും തോന്നിയില്ല.
കൊടുത്തപ്പൊത്തന്നെ ആള് വാങ്ങി വെച്ച് മാനേജ്മെന്റിൽ അറിയിക്കാം എന്ന് പറഞ്ഞു.
ഇനി ഒരുമാസം കൂടി.
ആഴ്ചകൾ ദിവസങ്ങളായി ചുരുങ്ങി.
അവസാന ദിവസം..
പുതുതായി വന്ന നിധിനു സീറ്റ് ഏൽപ്പിച്ചു എല്ലാവരും പോയതിനു ശേഷമാണ് പഞ്ച് ചെയ്തിറങ്ങുയതും..
നടന്നു നീങ്ങുമ്പോ ഒരുതവണ എങ്കിലും തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

സെക്കന്റ് ഹോം...
ഇന്നത്തോടെ ബൈ പറയുകയാണ്..
ഇനിയെന്ത് എന്ന ചോദ്യം മുന്നിൽ നിന്നു നൃത്തം ചെയ്യുന്നുണ്ട് !!

ഒരുപാട് നാളുകളായി കൊണ്ട് നടക്കുന്ന  ആഗ്രഹമായിരുന്നു  ഒരു ദൂരയാത്ര . ഒറ്റയ്ക്ക് തന്നെ പോകണം എന്നൊരു വാശി കൂടി ആയിരുന്നു.
ഇനിയിപ്പോ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെ ഇത്തവണ അതുമുന്കൂട്ടി ഉറപ്പിച്ചിരുന്നു.
എവിടെ പോകണം എന്നൊരു തീരുമാനം ആകാത്തതുകൊണ്ടു തന്നെ സൂറത്തിൽ ഉള്ള അമ്മേടെ ചേച്ചിയെ വിളിച്ചു പറഞ്ഞു.
അവിടെ ചെന്നിട്ട് പിന്നീടുള്ളത് ആലോചിക്കാം .
അങ്ങനെ june 6 വൈകിട്ട് അമൃതസർ എക്സ്പ്രസ്സിന് ഒരു തത്ക്കാൽ ടിക്കറ്റുമായി സൂററ്റിന് വണ്ടി കേറി.
മംഗലാപുരവും
ഗോവയും
കൊങ്കണും
മുംബൈ അധോലോകത്തെയും വിറപ്പിച്ചു ട്രെയിൻ പുകതുപ്പി പായുന്നുണ്ട്..
പൻവേൽ വരെ കൂടെ ഉണ്ടായിരുന്ന മഴ ഏതോ ഹിന്ദിക്കാരി പെങ്കൊച്ചിനെ കണ്ടപ്പോൾ കൂടെ ഇറങ്ങി..
പിന്നീട് മഷിയിട്ടു നോക്കിട്ടും ആളെ കിട്ടിയില്ല എന്നത് വേറൊരു സത്യം.
മഹാരാഷ്ട്രയും കഴിഞ്ഞു ഗുജറാത്തിലേക്കു.
ആദ്യമായിട്ടാണ് ഇത്ര ദൂരം.
അതും ഒറ്റയ്ക്ക്.
സ്കൂളിൽ പഠിക്കണ കാലത്തു ഹിന്ദി ടീച്ചർക്കു നല്ല കാര്യമായിരുന്നു..
വേറൊന്നുമല്ല പഠിക്കുന്ന കാര്യത്തിൽ മുൻനിരയിൽ ആയിരുന്നേ..
പിന്നിൽ നിന്നാണെന്നു മാത്രം !!
(പത്താം ക്ലാസ്സിൽ എ ഗ്രേഡ് ഓടെ പാസ് ആയി എന്നത് വേറെ കാര്യം)
അതുകൊണ്ടൊക്കെത്തന്നെ ഹിന്ദി കേട്ടാൽ ജബാ.. ജബ.. എന്ന കണ്ടിഷൻ ആയിരുന്നു..
ഇടയ്ക്കു വച്ച് കിട്ടിയ മലയാളി കപ്പിൾസ് ആയിരുന്നു വല്ലപ്പോഴും വന്നുപോകുന്ന ബോറടി മാറാൻ സഹായിച്ചത്..
ഒരുക്കണക്കിനു പറഞ്ഞാൽ ഹിന്ദിക്കാരുടെ കയ്യില്നിന്നുള്ള എസ്‌കേപ്പ് കൂടി ആയിരുന്നു അത്.
24മണിക്കൂറത്തെ യാത്രക്കൊടുവിൽ അവരോട്  യാത്രപറഞ്ഞു സൂററ്റിൽ വണ്ടിയിറങ്ങി.
വല്യച്ഛൻ കാത്തുനിപ്പുണ്ടായിരുന്നു..
പുള്ളിക്കാരനും മ്മടെ ഹിന്ദിയെപ്പറ്റി നല്ല ജ്ഞാനം ഉള്ളതുകൊണ്ടാവാം അങ്ങോട്ട് ഒന്നും പറയേണ്ടി വന്നില്ല.
സ്റ്റേഷനിൽ ഞാൻ ഉണ്ടാകും എന്ന് ഇങ്ങോട്ടു പറയുകയായിരുന്നു..
സന്തോഷം..
10മിനിറ്റത്തെ ഓട്ടോ യാത്ര വലിയൊരു കോളനിയ്ക്കു മുന്നിൽ ചെന്നവസാനിച്ചു..
ഒരുപാട് വീടുകൾ..
ഇടവഴികള്..വളഞ്ഞു പുളഞ്ഞങ്ങനെ..
വീടെത്തി ബാഗും വെച്ച് നന്നായിട്ടൊന്നു ഫ്രഷ് ആയി..
ന്താ അടുത്ത പ്ലാൻ എന്ന അവരുടെ ചോദ്യത്തിന് വായിലേക്കിട്ട ചോറ് തൊണ്ടയിൽ കുരുങ്ങി ഉത്തരം മുട്ടി !!
പെട്ടെന്ന് ഒരുത്തരം തപ്പുന്നതിനിടയിൽ ആദ്യം ഓർമ്മ വന്നത് നീതുവിനേം രാജേഷ്ട്ട്ടനേം..
അവര് ഡൽഹിയിലാണ്..അപ്പൊത്തന്നെ കണ്ണുംപൂട്ടി വെച്ചുകാച്ചി.
"ഡൽഹിയിൽ ഒരു ഫ്രണ്ട് ഉണ്ട് ആളെ കാണാൻ പോകണം "
.
അങ്ങനെ മൂന്നു ദിവസത്തെ സൂറത്ത് സഹവാസത്തിനൊടുവിൽ ഡൽഹിക്കു തിരിക്കാൻ തീരുമാനമായി.
യാത്രക്ക് മുൻപെപ്പോഴോ തന്നെ മനസ്സിൽ കയറിക്കൂടിയ മറ്റു രണ്ടു സ്ഥലങ്ങളായിരുന്നു അജ്മീറും ജയ്‌പൂരും..
അവിടെകൂടി ഇറങ്ങണം എന്ന് പറഞ്ഞപ്പോൾ വല്യച്ഛൻ പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു.
ഭാഷയറിയാത്ത ..
ഞാൻ..
ഒറ്റയ്ക്ക്...
ന്തോ എനിക്കതിൽ നിന്ന് പിന്മാറാൻ തോന്നിയില്ല..
മൂന്നാം ദിവസം വൈകിട്ട് നാലുമണിക്കുള്ള ട്രൈനിനു  ജയ്‌പൂർ വരെയുള്ള ടിക്കറ്റും എടുത്തു ഇരിപ്പായി .
അജ്മീർ വഴിയാണ് ട്രെയിൻ..തോന്നിയാൽ അവിടിറങ്ങാം അല്ലെങ്കിൽ ജയ്‌പൂർ എന്നായിരുന്നു കണക്കുകൂട്ടത്തിൽ..
അപ്പോഴറിഞ്ഞിരുന്നില്ല ആദ്യത്തെ പണി അവിടെ തുടങ്ങാൻ പോവുകയാണെന്ന് !!!

കാത്തിരിപ്പിനൊടുവിൽ 4.05നു ട്രെയിൻ വന്നു..
പക്ഷെ എസി കോച്ചു മാത്രം !!!
ഏറ്റവും മുന്നിൽ നിന്ന ഞാൻ 75ലിറ്ററിന്റെ ബാക്പാക്കുമായി അവസാന കംപാർട്മന്റ്റ് വരെ ഓടി..
സെക്കന്റ് ക്ലാസ്സ് കോച്ചിനായി..
എന്തിനു
ഒരു സ്ലീപ്പർ പോലും ഇല്ല !!
ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന ഹിന്ദിക്കാരന്റെ തന്തക്കു വിളിച്ചുകൊണ്ടു കിട്ടിയ സീറ്റിൽ വീണു..
ഇനിയെന്ത് ??????
തപ്പിപ്പിടിച്ചു ഫോൺ എടുത്തു റെയിൽവേ സൈറ്റിൽ അടുത്ത ട്രെയിൻ തപ്പി..
ഇനിയുള്ള ട്രെയിൻ
8മിക്കൂറിനു ശേഷം മാത്രം !!!!!
8 മണിക്കൂർ..
വയ്യ.
ബാഗും തൂക്കി എഴുന്നേറ്റു..
ആദ്യം കണ്ട ഓഫീസ്റൂമിൽ ചെന്ന് എമാനോട് കാര്യം അവതരിപ്പിച്ചു..
പുള്ളിക്കാരന്റെ നോട്ടം കണ്ടപ്പോ ആദ്യം കരുതിയത് ഇനീപ്പോ ഞാൻ കാശ് ചോദിച്ചതാണെന്നു ആൾക്ക് തോന്നീതാകോ😇😇.
കൂടെ
ഇരുന്ന ആൾ പ്രതികരിച്ചു തുടങ്ങിയപ്പോഴാണ് സമാധാനമായത്.
4,30 ഒരു ട്രെയിൻ ഉണ്ട് അതിൽ കേറി സവായിമധോപോർ ഇറങ്ങിയാൽ ജയ്‌പൂർക്കുള്ള കണക്ഷൻ ട്രെയിൻ കിട്ടുമെന്ന്.
ഹാവൂ സന്തോഷം..പക്ഷെ അജ്മീർ ഒഴിവാക്കേണ്ടി വരും.
സാരമില്ല.അടുത്തതവണ പോകാം.

4,30നു പശ്ചിമ എക്സ്പ്രസ് ചൂളംവിളിച്ചു വന്നു..
കാലുകുത്താൻ വയ്യാത്ത തിരക്ക്..
ട്രെയിൻ നിർത്തുന്നതിനു മുൻപ് തന്നെ എമർജൻസി വിൻഡോയിൽ കൂടി ഒരുത്തൻ പറന്നു കയറുന്നു.. ഇതിലെങ്ങനെ അടുത്ത  11 മണിക്കൂർ...
ശരിക്കും പെട്ട് !!!!
ഗതികെട്ട് TTR ചോദിച്ച 400രൂപ കൊടുത്തു സ്‌ളീപ്പറിൽ കേറേണ്ടി വന്നു..
നാനൂറല്ല എണ്ണൂറു ചോദിച്ചിരുന്നെങ്കിലും ചിലപ്പോൾ കൊടുത്തുപോയേനെ..
ഇവിടെയും തിരക്ക്തന്നെ ഒരുപാട് പേര് ടി ടി ആർ നെ കണ്ടു സ്‌ളീപ്പറിൽ കയറുന്നുണ്ട്.
ഭാഗ്യത്തിന് ഒരു സീറ്റു കിട്ടി.
ആ യാത്രയിലാണ് ആദ്യമായിട്ട് ട്രാൻസ്‌ജെന്റർനെ കാണുന്നത്..
പറഞ്ഞുകേട്ടിട്ടുണ്ട് കാശ് ചോദിച്ചു വരും കൊടുത്തില്ലേൽ ശല്യപ്പെടുത്തും കളിയാക്കും എന്നൊക്കെ..
അതുകൊണ്ടുതന്നെ കൈകൊട്ടി വന്നപ്പോൾ തന്നെ ഇരുപത്തിന്റെ ഒരു നോട്ടു ആദ്യമേ വെച്ച് നീട്ടി..
സന്തോഷം.
അവർ അടുത്തയാളെ തേടി നടന്നു നീങ്ങി.
പിന്നീടങ്ങോട്ടുള്ള യാത്രയിൽ ഇതുപോലെ ഒരുപാട് പേര് മുന്നിൽ വന്നു പോയിട്ടുണ്ട്..റെയിൽവേ സ്റ്റേഷനിലും ട്രാഫിക് ബ്ലോക്ക്കളിലും അങ്ങനെ ഒരുപാട് സ്ഥലത്തു.
ഇവർക്കൊക്കെ ജോലി ചയ്തു ജീവിച്ചൂടെ..
പക്ഷെ രണ്ടും കെട്ടവർ എന്ന് മുദ്രകുത്തപ്പെട്ട ഇവർക്ക് ആര് ജോലി കൊടുക്കാൻ...
ചെറിയൊരു ഉറക്കം കഴിഞ്ഞു കണ്ണുതുറന്നപ്പോഴും
ട്രെയിൻ കിതച്ചുകൊണ്ട് യാത്ര തുടരുന്നു..
സൂര്യൻ ഇരുട്ടിനു സീറ്റൊഴിഞ്ഞു കൊടുതിരിക്കുന്നു...
പലരും ഉറക്കത്തിലേക്കു കണ്ണ് ചിമ്മുന്നുണ്ട്..
വിശപ്പിന്റെ വിളി തുടങ്ങി..
ആകെ കൈൽ ഉള്ളത് ഒരു പാക്കറ്റ് ബിസ്ക്കറ്റും ഒരു കുപ്പി വെള്ളവുമാണ് .
തിരക്കിനിടയിൽ ഒന്നും വാങ്ങാൻ ഉള്ള സാവകാശം കിട്ടിയതുമില്ല.
തല്ക്കാലം ഇതുവെച്ചു അഡ്ജസ്റ്റ് ചെയ്യുകയേ നിവൃത്തിയുള്ളു.
വീണ്ടും മയക്കത്തിലേക്ക്..
ആരുടെയോ ശബ്‍ദം കേട്ടാണ് കണ്ണ് തുറന്നത്..
ഉറക്കത്തിനിടയിൽ അയാളുടെ ഫോൺ നഷ്ടപ്പെട്ടു..അല്ല ആരോ മോഷ്ടിച്ചു..
അറിയാതെ പാന്റിന്റെ പോക്കറ്റിലേക്ക് എന്റെ കൈയും പോയി..
ഭാഗ്യം..അവിടെത്തന്നെ ഉണ്ട്..
പിന്നീട് ഉറങ്ങാൻ തോന്നിയില്ല..
സമയം രാവിലെ 2,10
ഇരുട്ടിനെ കീറിമുറിച്ചങ്ങനെ പായുന്നുണ്ട് നീളൻ അട്ട..
ഇരുട്ടിനിടയിലും തെളിഞ്ഞു നിൽക്കുന്ന കുഞ്ഞു വെളിച്ചങ്ങളും തെരുവ് വിളക്കുകളും എണ്ണി 3,30 ഓടെ സവായ്മധോപോർ എത്തി..
ഭാഗ്യം കൃത്യസമയത്തു തന്നെ എത്തി..
3,35നാണു ജയ്പ്പൂർക്കുള്ള കണക്ഷൻ ട്രെയിൻ.
ഓവർബ്രിഡ്ജ് കയറി ഇറങ്ങി കാലുകൾ വലിച്ചുനീട്ടി നടക്കുന്നുണ്ട്..എത്തുന്നില്ല.
ഹോൺ മുഴങ്ങി..
ഓടിച്ചെന്നു ആദ്യം കിട്ടിയ സെക്കൻസ് ക്ലാസ് കോച്ചിൽ കയറി..
നല്ല തിരക്ക്.
ചെന്നൈ യിൽ നിന്ന് ജൈപൂർക്കുള്ള ട്രെയിൻ ആണ്.
വണ്ടി നീങ്ങിതുടങ്ങി..
ഉറക്കം നന്നായിട്ടു തന്നെ ശല്യപ്പെടുത്തുന്നുണ്ട്..
കുറച്ചുനേരം നിന്നുറങ്ങി
വയ്യ..
ഒടുവിൽ അടുത്തുകണ്ട ഭയ്യാ യുടെ സീറ്റിൽ അഭയാർത്തിയായി..
ഇരുട്ട് വീണ്ടും സൂര്യന് വഴിമാറിക്കൊടുക്കുന്നു..
ഇരു വശങ്ങളിലും വിശാലമായ നോക്കെത്താ ദൂരത്തോളം നീണ്ടുവിവർന്നു കിടക്കുന്ന ഭൂമി..
6,15ഓടെ ജയ്‌പൂരിന്റെ മണ്ണിൽ...
സ്റ്റേഷന് പുറത്തിറങ്ങി ടാക്സിക്കാരുടെ കണ്ണ് വെട്ടിച്ചു കുറച്ചുദൂരം നടന്നു..
ആദ്യം മുന്നിൽ കണ്ട ചുവന്ന നിറത്തിൽ ROOM എന്ന  ബോർഡ്.  വെളിച്ചം  വന്നതറിയാതെ    ചുവന്ന ലൈറ്റുകൾ അക്ഷരങ്ങയ്ക്കു ചുറ്റും കറങ്ങിതിരിയുന്നു..
കയറിച്ചെന്നു.,റൂം കണ്ടു..
വാടക ചോദിച്ചപ്പോ 850രൂപ.
500ഇൽ കൂടുതൽ കൊടുക്കാനുള്ളത് ഇല്ല..
400പറഞ്ഞു..
പറ്റില്ല എന്നവർ..
തിരിഞ്ഞു നടന്നപ്പോൾ
"400 ഫിക്സഡ്" !!
ലഗേജും വെച്ച് ഫ്രഷ് ആയി ക്യാമറ ബാഗും തൂക്കി ഇറങ്ങി..
വഴിയിൽ കണ്ട ന്തോ സാധനം ന്തോ ഒരു കറിയും കൂട്ടി കഴിച്ചു..
തരക്കേടില്ല. കൊള്ളാം..😋
ഇനിയെങ്ങോട്ട് ??
ജയ്‌പൂർ ഒരുപാട് കാണാൻ ഉണ്ടെന്നു മുൻപ് വന്ന സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്..
പക്ഷെ എവിടെനിന്നു തുടങ്ങണം എന്ന് മാത്രം  പിടിയില്ല..
ഒടുവിൽ ഗൂഗിൾ തപ്പി ഒരു തീരുമാനത്തിൽ എത്തി.
ജന്ദർമന്ദിർ മുതൽ തുടങ്ങാം..
ടിക്കേറ്റ് എടുത്തു അകത്തുകയറി..
രാവിലെ ആയതുകൊണ്ടാവാം അതികം ആളുകൾ ഒന്നും തന്നെയില്ല..ഒരുപാടൊന്നും കാണാൻ ഉള്ളതായി തോന്നിയില്ല..
അങ്ങ് ദൂരെ മലമുകളിൽ ഒരു കൊട്ടാരം കാണാം.
അതികം  സമയം കളയാതെ പുറത്തിറങ്ങി.
എതിർവശത്തു തന്നെയാണ് സിറ്റി പാലസ്..
ടിക്കെറ്റ് എടുത്തു..
അകത്തു കടന്നപ്പോൾ ഒരു കൊട്ടാരത്തിനുള്ളിൽ കയറിയ പ്രതീതി..
ഇടതുവശത്തു മുകളിലായി ത്രിവർണ്ണ പതാക കൂമ്പി നിൽക്കുന്നു..
അകത്തളത്തിൽ നൃത്തവും സംഗീതവുമായി ഒരുകൂട്ടം ആൾക്കാർ വലത്തോട്ട് തിരിഞ്ഞാൽ ഓടക്കുഴൽ പഠിപ്പിക്കുന്ന അധ്യാപകനും ഒരു കൂട്ടം വിദ്യാർത്ഥികളും..
ഒരുപാട് ടൂറിസ്റ്റുകൾ ഇന്ത്യക്കകത്തും പുറത്തും നിന്നുള്ളവര്..
ഒരുപാട് പ്രാവുകൾ അങ്ങിങ്ങായി കൂടു കൂട്ടിയിട്ടുണ്ട്..

അടുത്തതെങ്ങോട്ട് ???
വീണ്ടും ഗൂഗിൾ തപ്പി തുടങ്ങി..

നഹർഗട് ഫോർട്ട്..
നാല് കിമോമീറ്റർ..
ഓട്ടോക്കാരനോട് ചോദിച്ചു..
200 രൂപ.!!
വേണ്ട രണ്ടുകാലുണ്ടല്ലോ നടക്കാം..
അതൊരാവേശം ആയിരുന്നു എന്നത് പിന്നീടാണ് മനസിലായത്.!
നടന്നു തുടങ്ങി..
കയ്യിലുണ്ടായിരുന്ന ഒരുകുപ്പി വെള്ളം തുടക്കത്തിലേ തീർന്നു...
38…40ഡിഗ്രി ചൂട്..
ഇരുന്നു..വീണ്ടും നടന്നു..
സമയം ഉച്ചയോടടുക്കുന്നു..
ചൂട് കൂടുന്നു..
അടുത്ത കുപ്പി വെള്ളവും കോട്ടയുടെ അടിവാരത്തെത്തിയപ്പൊഴെക്കും തീർന്നു..
മറ്റൊന്ന് കരുതി..
ഇനിയങ്ങോട്ട് മലകയറണം..
ചുരംപോലെ വളഞ്ഞുതിരിഞ്ഞു കിടക്കുന്ന വഴി..
നടന്നു കയറുന്നവർ ചുരുക്കമാണെന്ന് ഇടക്കുമാത്രം കുന്നിറങ്ങുന്നവരെ കണ്ടപ്പോൾ ബോധ്യമായി..
കയറിത്തുടങ്ങി തിരഞ്ഞുനോക്കുമ്പോൾ കാണാം ജയ്‌പൂർ നഗരം..
മുകളിലെത്തുമ്പോഴേക്കും വിശാലമായ ആ നഗരത്തെ മുഴുവനായി കണ്ണിൽ നിറയ്ക്കാൻ പറ്റുന്നുണ്ട്..ഒപ്പം ജയ്‌പൂരിനു കാവലായി നിൽക്കുന്ന മലനിരകളെയും..
അടുത്ത കുപ്പി വെള്ളവും കാലിയായി..
വീണ്ടും നടന്നു..
മലമുകളിൽ നിന്ന് കുറച്ചുകൂടി മുന്നോട്ടു നടന്നാൽ മാത്രമേ എൻട്രൻസ് ഗേറ്റിൽ എത്താൻ കഴിയുകയുള്ളു..
പാസ് എടുത്ത് അകത്തുകയറി..പഴയൊരു കൊട്ടാരത്തിന്റെ പ്രതീതി..
ഒരുപാടു വലിപ്പം ഒന്നുമില്ലെങ്കിലും പ്രൗഢി നിലനിന്നുപോകുന്നുണ്ട്..
ഫോർട്ടിന് മുകളിൽ നിന്നുള്ള ജയ്‌പൂരിലെ കാഴ്ച സുന്ദരമാണ്..
സൂര്യാസ്തമയത്തിനു ശേഷം താഴോട്ടുള്ള കാഴ്ച
ചാമുണ്ഡി ഹിൽസ് ഓർമ്മിപ്പിക്കുന്നു..
അതിനേക്കാൾ ഭംഗി..
വിശപ്പിന്റെ വിളി എത്തി..
ഇനി മടങ്ങാം..
അകത്തുനിന്നു വഴി തെറ്റി ചെറുതായൊന്നു ചുറ്റി..സെക്യൂരിറ്റി ചേട്ടന്റെ സഹായത്തോടെ പുറത്തെത്തി മലയിറങ്ങി തുടങ്ങി..
കുറെ നാളുകൾക്കു ശേഷമാണ് ഇത്ര ദൂരം നടക്കുന്നതു തന്നെ..ഏകദേശം എട്ടു കിലോമീറ്റർ..
ആദ്യം
കണ്ട ദാബയിൽ കയറി ചപ്പാത്തി ഓർഡർ ചെയ്തു..
കറി പേരെന്താന്നു പോലും അറിയില്ല ചോദിച്ചതുമില്ല..
നല്ല വിശപ്പായിരുന്നു..
പക്ഷെ കഴിക്കാൻ പറ്റുന്നില്ല..
അടുത്തതു ജാൽമഹൽ ആണ് ലക്‌ഷ്യം..
വിലപേശി 50രൂപയ്ക്കു ഓട്ടോക്കാരൻ അവിടെത്തിച്ചു..
സമയം 3,30
വെയിലിറങ്ങുന്നതേ ഉള്ളു..
ആളുകളൊക്കെ വന്നു തുടങ്ങുന്നു..
തടാകത്തിനു ഒത്ത നടുവിൽ സ്വർണ്ണനിറത്തിലുള്ള ഒരു മഹൽ..
ദൂരെ മലനിരകൾ കാവലെന്നോണം..
നായഹർഗട് ഫോർട്ടിന്റെ ശോഷിച്ച മതിലുകൾ ചൈനയുടെ വന്മതിൽ പോലെ നീണ്ടുനിവർന്നു കിടക്കുന്നുണ്ട്..

ഇനി

കയ്യിൽ ഒതുങ്ങുന്ന സമയത്തിനുള്ളിൽ കണ്ടുതീർക്കാൻ പറ്റുന്നത് ഹവാ മഹൽ മാത്രമാണ്..
ദാഹത്തിനെ ഒരു കരിമ്പിൻ ജ്യൂസിൽ ഒതുക്കി
നേരെ ഹവാ മഹൽ..
എല്ലാ ടൂറിസ്റ് സ്പോട്ടുകളിലും കണ്ണിലുടക്കിയ ഒരു കാര്യമാണ്..
ഫോറീനേഴ്‌സിന് രണ്ടിരട്ടി മുതൽ നാലിരട്ടി വരെ കാശ് വാങ്ങുന്ന..നമ്മുടെ നാട്ടിലും ഇതേ രീതി തന്നെ.😑
ജയ്പ്പൂർ നഗരത്തോട് ചേർന്ന് കിടക്കുന്നതു കൊണ്ട് തന്നെ ഒരുപാട് ബഹളങ്ങൾക്കിടയിലും ഒതുങ്ങി നിൽക്കുന്നുണ്ട് ഹവാമഹൽ.
വൈകുന്നേരം ആയതുകൊണ്ടാകാം ഒരുപാടുപേർ അകത്തും പുറത്തും ..
സൂര്യൻ അസ്തമിച്ചു തുടങ്ങുന്നുണ്ട്..
അത്യാവശ്യം കുറച്ചു ഫോട്ടോസ് എടുത്തു നേരെ റൂമിലേക്ക്..
ക്ഷീണിച്ചു തുടങ്ങിയിരുന്നു...അടുത്ത
ദിവസം രാവിലെ ഡൽഹിക്കു വണ്ടി കേറണം..
അവിടുന്നു വാരണാസി പിന്നെ കൊൽക്കത്ത യിൽ പഴയ സുഹൃത്തായ അജിത്തിനെ കാണണം നേരെ നാട്ടിലേക്ക്..
വീട്ടിൽ നിന്നുറങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് ഒരു പ്ലാൻ ഉണ്ടാക്കുന്നത്..
അത് മാന്യമായിട്ടു പൊളിഞ്ഞു എന്നത് പിന്നീടുള്ള കാര്യം !!!
,
രാവിലെ റൂമും വെക്കേറ്റ് ചെയ്തു സ്റ്റേഷനിൽ എത്തി ഡെല്ഹിക്കുള്ള ട്രെയിൻ 8മണി..
ഒന്നരമണിക്കൂർ പോസ്റ്റ് !!
അപ്പോഴാണ് രാജേഷേട്ടന്റെ വിളി..
"എവിടാണ്"..
ആശാനേ..ദേ നുമ്മ ഡൽഹിക്കു വണ്ടി കേറാണ്..
"എത്തീട്ടു വിളി"..
ശരി.!
പിന്നങ്ങോട്ട് അഞ്ചുമണിക്കൂർ യാത്ര..
ചൂടുകൂടി വരുന്നു..
ഉച്ചക്ക് ഒന്നരയോടെ ഡൽഹി കന്റോൺമെന്റ്..
ആശാനേ വിളിച്ചു..
"നുമ്മ എത്തീട്ട"
ദാ വരുന്നു..
ശരി..!
അങ്ങനെ നുമ്മടെ സ്വന്തം പുരുഷു അണ്ണൻ(അണ്ണാ സ്നേഹം കൊണ്ടാണെ😍) എവിയെറ്ററും ആയി പറന്നെത്തി..
കുറ്റം പറയരുതല്ലോ
ഡൽഹിയിലുള്ള പൊടി മുഴുവൻ ആ വണ്ടിയിലുണ്ട്..
വാങ്ങിച്ചതിനു ശേഷം വെള്ളം കണ്ടിട്ടില്ല എന്നത് സത്യം !!!!
ഫ്ലാറ്റിൽ കയറി ചെന്ന് ഡോർ തുറന്നത്
നീതു...
ഒക്കത്തൊരു ട്രോഫി ഉണ്ടെന്നതൊഴിച്ചാൽ വല്യ വത്യാസമൊന്നും ഇല്ല പെണ്ണിന്..
ആള് പഴയ ക്ലാസ്സ്മേറ്റ് ആണ് എല്ലാ തൊണ്ടിതരത്തിനും കൂട്ട് നിന്ന് വഴി തെറ്റിച്ച നടന്ന..
വായിൽതോന്നുന്ന പൊട്ടത്തരം മുഴുവൻ വിളിച്ചു പറഞ്ഞു കലപില കൂടി നടന്ന പെണ്ണ്..
ഇന്ന്
സംസാരത്തിൽ തന്നെ ഉത്തരവാദിത്തമുള്ള ഒരു ഭാര്യയെ കാണാം..
ഒരമ്മയെ
കാണാം..
ഇത്രപെട്ടെന്നൊരു മാറ്റം അതൊരു പെണ്ണിനെ പറ്റു..
ഇതുകൊണ്ടൊക്കെ ആവാം പെണ്ണൊരുഅത്ഭുതമാണെന്ന് ചിലരൊക്കെ പറയുന്നത്..
കുറ്റം പറയരുതല്ലോ നല്ല ചോറും കറിയും തന്നു വയറു നിറച്ചു..
നേരെ ബെഡിലേക്കു..
അന്നത്തെ ദിവസം കത്തിയടിച്ചു തീർത്തു. രാവിലെ എഴുന്നേറ്റ് കുത്തബ്മിനാർ പോകണം ന്നു പ്ലാൻ ചെയ്ത ഞാൻ സ്പോട്ടിൽ എത്തിയപ്പോ വൈകിട്ട് അഞ്ചുമണി..
പിന്നെ നേരെ ഇന്ത്യ ഗേറ്റ്..9മണിയുടെ വീണ്ടും നേരെ ഫ്ലാറ്റിലേക്ക്..
നെക്സ്റ്റ് ഡേ പ്ലാൻ ഫിക്സഡ്.!!!
താജ്മഹൽ 😍😍

ഒൻപതരയ്ക്ക് നിസാമുദ്ധീൻ ചെന്നാൽ ആഗ്രയ്ക്കുള്ള വണ്ടി കിട്ടും എന്ന് ആശാൻ പറഞ്ഞിരുന്നെങ്കിലും എന്റെ കൃത്യനിഷ്ഠകൊണ്ടു അത് മിസ് ആയി..
പിന്നീട് പത്തേ മുപ്പത്തിനുള്ള വണ്ടിക്കായി കാത്തിരിപ്പ് ഉച്ചക്ക് ഒന്നരയോടെ അവസാനിച്ചു...
ഇടിച്ചുകേറി ..
ശ്വാസം വിടാൻ പോലും വയ്യാത്ത അവസ്ഥ..
നാലുമണിയോടെ ആഗ്രയിൽ ഇറങ്ങിയപ്പോഴാണ് അൽപ്പം ശ്വാസം കിട്ടിയതും..
രാജുഭായിടെ ഓട്ടോ വിളിച്ചു നേരെ താജ്മഹൽ വെച്ച്പിടിച്ചു.
സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു അകത്തുകടന്നു..
മെയിൻ കവാടം കടന്നു ചെല്ലുമ്പോൾ മുന്നിൽ തലയെടുപ്പോടെ ആ പ്രണയസൗധം..
അടുക്കുംതോറും ആകാംഷകൂടി വരുന്നു..
..
ഒരുപാട് ആഗ്രഹിച്ചതാണ് ഒരുതവണ എങ്കിലും ഈ അത്ഭുതത്തെ നേരിൽ കാണണമെന്ന്..
പ്രണയമെന്ന മൂന്നക്ഷരത്തിനു സമം നിർത്താൻ ഇതില്പരം മറ്റൊന്ന് ആവശ്യമാണെന്ന് തോന്നുന്നില്ല.
ടാഗോർ പറഞ്ഞത് എത്ര ശരിയാണ്
"കാലത്തിന്റെ കവിളിലെ കണ്ണുനീർതുള്ളി" ആണെന്ന് ഏതൊരാളും സമ്മതിച്ചു പോകും.
അനശ്വര പ്രണയത്തിന്റെ ജീവനുറ്റ പ്രതീകം തന്നെയാണ് ഈ വെണ്ണക്കൽ കൊട്ടാരം.
ഒറ്റയ്ക്ക് വരുന്ന ഏതൊരാൾക്കും മനസ്സിൽ തോന്നുന്ന ഒരു കാര്യമാവും തന്റെ കാമുകിയുമൊത്തു അല്ലെങ്കിൽ തന്റെ ഭാര്യയുമൊത്തു  ഒരു തവണയെങ്കിലും ഈ മാർബിൾ കൊട്ടാരം നടന്നു തീർക്കണമെന്ന്.
.
ബ്രിട്ടീഷ് രാജ്ഞിയാണെന്നു തോന്നുന്നു ഒരിക്കല് താജ്മഹല് സന്ദര്ശിച്ച ശേഷം ഇപ്രകാരം പറഞ്ഞുവത്രെ. 'എന്റെ ജനത ഇതു പോലൊരു സ്മാരകം നിര്മിച്ച് തരാമെന്ന് എനിക്ക് ഉറപ്പ് തരികയാണെങ്കില് ഞാനിപ്പോള് ഇവിടെ വെച്ച് മരിക്കാം.'
പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാളും ഇതുപോലൊക്കെത്തന്നെ ആഗ്രഹിച്ചുപോകും ചിലപ്പോഴൊക്കെ.
ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നോണം വേദനിപ്പിക്കുന്ന ചില അധ്യായങ്ങക്കും ഇതിനു പിന്നിലുണ്ടെന്നത് മറ്റൊരു സത്യം.
പറ്റുമെങ്കിൽ ഒരു തവണയെങ്കിലും വരണം..
കാണണം..കഴിയുമെങ്കിൽ നഗ്നപാദങ്ങൾ കൊണ്ട് നടന്നു തീർക്കണം..

സമയക്കുറവുമൂലം ആഗ്രാഫോർട് ഒഴിവാക്കേണ്ടി വന്നു..
പിന്നീടൊരിക്കലാവാം..
സ്റ്റേഷനിൽ എത്തിയപ്പോഴേ നുമ്മടെ എറണാകുളം നിസാമുദീൻ പോവാൻ തയ്യാറായി നിൽക്കുന്നു..
വല്യ തിരക്കൊന്നും ഉണ്ടായിരുന്നില്ല..
പത്തുമണിക്ക് നിസാമുദ്ധീൻ
പതിനൊന്നിന് ഫ്ലാറ്റ്
അടച്ചുവെച്ച ഭക്ഷണവുമായി നീതു മുന്നിൽത്തന്നെ ഉണ്ടായിരുന്നു..

ശനിയാഴ്ച
രാജേഷ്ടൻ ലീവാണ്..
ഇന്നത്തെ കറക്കം ഒന്നിച്ചാവാം..
നേരെ ലോട്ടസ് ടെമ്പിൾ..
പുറമെനിന്നുള്ള കാഴ്ച മനോഹരമാണ്..
ടെമ്പിൾ എന്നാണെങ്കിലും അകത്തു പ്രതിഷ എന്നൊന്നില്ല..അതാണ് മറ്റൊരു പ്രത്യേകത.
ഒരുപാടു വൈകാതെ അവിടെനിന്നു ഇറങ്ങണ്ടി വന്നു..
വൈകിട്ടത്തെ ദുരന്തോ ക്കു വീടുപിടിക്കണം..
ആഗ്രഹിച്ചപോലെ പൂർത്തീകരിക്കാൻ കഴിയാഞ്ഞൊരു യാത്ര.
പ്ലാൻ ചെയ്ത രണ്ടു സ്ഥലങ്ങൾ ചില കാരണങ്ങൾ മനപ്പൂർവ്വം ഒഴിവാക്കേണ്ടി വന്നു..
ഇനിയൊരിക്കൽ ആവട്ടെ..
എല്ലാം ചേർത്ത്..

2018, ജൂലൈ 10, ചൊവ്വാഴ്ച

ഓരോ തവണ മറഞ്ഞു പോകുന്നു
വരികളിലും അവൻ ജീവിച്ചു തന്നെ നിൽക്കുന്നുണ്ട്
വാക്കുകൾ കണ്ണ് നനയിക്കുന്നു.
വിശപ്പിൽ നിന്നും സ്വപ്നം കണ്ട നല്ലൊരു നാളെ കയ്യെത്തി പിടിക്കുന്നതിനു മുമ്പേ
അരിഞ്ഞു വീഴ്ത്തപ്പെട്ട സ്വപ്‌നങ്ങൾ..
തലയുയർത്തി നിൽക്കുന്ന ഒരു കലാലയത്തിൽ നെഞ്ചുവിരിച്ചു നടന്നൊരു സഖാവ്..
വിടർന്ന ചിരികളിലമർന്നു പോയൊരു സ്നേഹമായിരുന്നു നഷ്ടപ്പെട്ടത്..
സൊറപറഞ്ഞിരുന്ന സൗഹൃദങ്ങൾക്കിടയിൽ ഒരു വിടവാണവൻ..
പലരുടെയും പൊന്നാങ്ങള ആയിരിക്കാം..
ജൂലി ടീച്ചറെ പോലുള്ളവരുടെ സ്വന്തം മകനായിരുന്നിരിക്കാം..
പ്രണയം പറയാൻ മറന്ന കാമുകിയുടെ തീരാത്ത വിങ്ങലായിരിക്കാം..ക്ലാസ് മുറികളിലെ നിറ പുഞ്ചിരി ആയിരുന്നിരിക്കാം..

ജയ്‌പൂർ ന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ സൂര്യൻ മറഞ്ഞതിനു ശേഷം നഹര്‍ഗഡ് ഫോര്‍ട്ട് നു മുകളിൽ നിന്ന് താഴേക്കു നോക്കണം.. വാക്കുകൾക്കു മുകളിയാണ് കണ്ണുകൾക്കും മനസിനും നൽകുന്ന സന്തോഷം (ആവേശത്തിന് നടന്നു കേറാൻ നിക്കണ്ട ട്ടാ)😂😂

2018, ഫെബ്രുവരി 11, ഞായറാഴ്‌ച

ഓർമ്മകളിലേക്ക് ഓടിയൊളിക്കുന്നുണ്ട്.. നീയെന്ന ഒറ്റ മന്ദാരം..

അളന്നു തൂക്കി പങ്കിട്ടെടുത്ത സ്നേഹത്തിൽ ഞാൻ മായം ചേർത്തെന്നു നിന്റെ കോടതി വിധി..!!

ഇന്നലെയും വന്നിരുന്നു ഞാൻ.. നീ നല്ല ഉറക്കമായിരുന്നു.. ആ ചുവന്ന റോസാപ്പൂ നിനക്കുള്ളതാണ്

ആവർത്തനം വിരസതയാവാറുണ്ട്.. എങ്കിലും "നീ" യെന്ന ഒറ്റയക്ഷരം മടുപ്പിക്കാറില്ല എന്നെ

ഒരു പ്രണയമുണ്ടായിരുന്നു.. ഒഴിഞ്ഞ നെറുകയിൽ ആരോ.ചാർത്തിയ സിന്ദൂരത്തോടൊപ്പം പൊടിഞ്ഞു പോയ ഒന്ന്

"നമ്മൾ" വിഘടിച്ച് നീയും ഞാനും ആയൊപ്പാഴാണ് കൈകോർത്ത് നടന്ന നാളുകൾ തികട്ടിവന്നതൊക്കെയും

ചരടിൽ കോർത്ത് കൊണ്ട് നടന്നപ്പോഴായിരുന്നില്ല പൊട്ടിയപ്പോഴായിരുന്നു ഓർമ്മകൾ കൊണ്ട് കെട്ടിയിടേണ്ടി വന്നത്.. അവിടെയും ഏച്ചുകെട്ടുകൾ തമ്മിലടി കൂടുന്നുണ്ട്

ആർഭാടങ്ങളുടെ അകമ്പടിയില്ലാതെ.. പരിവാരങ്ങളില്ലാതെ.. നീ ഇറങ്ങിപ്പോകുന്നു.. തിരി തെളിച്ചു തന്നവരുടെ മുന്നിലൂടെ... അഴിച്ചു വെച്ച ഒരുതരി പൊന്നു സാക്ഷി.. യോജിച്ചു പോവാൻ ആവില്ലത്രേ

പാതി എഴുതി വെച്ച പുസ്തകത്താളുകളുടെ അവസാന പേജിലാണ് നിന്റെ പേര്.. പറയാത്തിറങ്ങി പോയാലും മറ്റൊന്ന് ചേർക്കാനിനി ഒരിടം ബാക്കിയില്ല..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...