2016, ഡിസംബർ 1, വ്യാഴാഴ്‌ച

ആദ്യമായിട്ട് തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ യാത്ര.. അത് ഏട്ടന്റെ കൂടെയായിരുന്നു.. മാവേലിയുടെ വാലറ്റത്തു ലോക്കൽ കമ്പാർട്ടുമെന്റിൽ,തിക്കിലും തിരക്കിലും അള്ളിപ്പിടിച്‌.. നിന്നുറങ്ങിയും ഇരുന്നു സമയം തള്ളിനീക്കിയും ചൂളൻവിളിയിൽ അമർന്നുപോയ ഒരു രാത്രി.. പിന്നീട് പലതവണ യാത്ര പോയെങ്കിലും അങ്ങനൊരു അനുഭവം....അത് കിട്ടിയില്ല. ഓരോ വേനലവധിക്കും ഈ യാത്ര പതിവായി.. ഏട്ടൻ ജോലിക്കു കേറിയത്തിൽ പിന്നെ അത് ഒറ്റക്കായി. വർഷത്തിലൊരിക്കൽ മാവേലി വരണത്പോലെ ചേച്ചിയെ കാണാൻ ആണീയാത്ര അത്രയും. ചേച്ചിയെന്നു പറയുമ്പോൾ അമ്മയുടെ ചേച്ചിയുടെ മകൾ .. സ്വപ്‌നങ്ങൾ കൊണ്ട് ജീവിതം കെട്ടിപ്പടുക്കി ഒടിവിൽ അതെ സ്വപ്നങ്ങൾ അടുക്കളയുടെ ഇരുണ്ടചുവരുകൾക്കു കടം കൊടുത്തവൾ.. പകർന്നു തരുന്നതിലൊക്കെ ഒരുനുള്ളു സ്നേഹം എന്നും കരുതിവെച്ചിട്ടുണ്ടാകും. ഡിഗ്രി ആദ്യവർഷ എക്സാം കഴിഞ്ഞു നേരെ വെച്ചുപിടിച്ചതും അങ്ങോട്ട്തന്നെ ആയിരുന്നു.. പതിവുപോലെ ഒരുപാട് സ്നേഹം തന്ന് മനസ്സും വയറും നിറച്ചു..പിന്നെ പോരാൻനേരം ചില നൂറിന്റെ നോട്ടുകളുടെ രൂപത്തിൽ ബാഗിന്റെ കള്ളിയും.. പതിവുള്ളതാണ്..എതിർത്തിട്ടും പ്രത്യേകിച്ച് ഫലമൊന്നും ഇല്ല !! എല്ലായിപ്പോഴും വൈകിട്ടത്തെ വണ്ടിക്കുതന്നെയാണ് തിരികെയുള്ള യാത്രകളൊക്കെയും.. സ്നേഹം ആവശ്യത്തിൽ കൂടുതൽ ഉള്ളതുകൊണ്ട്തന്നെ പുള്ളിക്കരിക്കുള്ള ഒര് ദുശീലം ഉള്ളത് ഇറങ്ങാൻനേരം എവിടുന്നെങ്കിലും ഒരു വാഴയില വെട്ടി പൊതിച്ചോറ്മായി എത്തും. മുൻപ് ഒന്നു രണ്ടു തവണ എതിർത്ത് തോറ്റുപിൻവാങ്ങിയതാണ്‌.. അതുകൊണ്ടുതന്നെ ഇത്തവണ ഒന്നും പറയാതെ വാങ്ങി ബാഗിൽ തിരുകി. സ്റ്റേഷനിൽ ഇരുന്നു കഴിക്കാനുള്ള മടികൊണ്ടാണ് പലപ്പോഴും എതിർത്ത് നിന്നിട്ടുള്ളത്.. പതിവ് യാത്രപറച്ചിലൊക്കെ കഴിഞ് കിട്ടിയ വേണാട് പിടിച്ചു സ്റ്റേഷനിൽ എത്തി.. ഒരുപാട് നേരത്തെ എത്തി എന്ന സംശയം ഇല്ലാതില്ല, തിരക്ക് കുറഞ്ഞ കൗണ്ടറിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് ഒരു ടിക്കെറ്റ് എടുത്തു.. ബാഗും തൂക്കി നീണ്ടു നിവർന്നുകിടക്കുന്ന പ്ലാറ്റ്ഫോമിലേക്ക് കയറി ഒറ്റനടപ്പ്‌.. പിന്നെ കുറച്ചുദൂരം തിരിച്ചും.. സൂര്യൻ അന്നേദിവസത്തെ ജോലി കഴിഞ് അടുത്തയാൾക്കു സീറ്റൊഴിഞ്ഞു കൊടുത്തുപോയി.. ഇരുട്ട് സ്ഥാനം ഉറപ്പിക്കാനുള്ള തിരക്കിലാണ്,വണ്ടികൾ വരുന്നു..പോകുന്നു. ചിലർ വീടെത്താനുള്ള നെട്ടോട്ടത്തിൽ.. ഈ ബഹളത്തിനിടയിലും ഒരു പൊതിചോറായിരുന്നു എന്റെ പ്രശ്നം..!! ഈ സമയത്തെങ്ങനെ കഴിക്കും.. ആൾക്കാർ നോക്കില്ല..? കളഞ്ഞാലോ..? അങ്ങനെ ഒരുപൊതി ചോറിനുവേണ്ടി ഞാൻ കാടുകയറി വെറുതെ തിരിച്ചുവന്നു., ഒടുവിൽ ആരും കാണാതെ എവിടേലും കളയാം എന്ന തീരുമാനത്തിൽ പ്ലാറ്റ്ഫോമിന്റെ അറ്റം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി.. ചേച്ചിയെ ഓർത്തപ്പോൾ ആരോ ഉള്ളിൽനിന്നും നല്ലപിള്ള ചമയാൻ നിര്ബന്ധിച്ചെങ്കിലും ഞാൻ മുന്നോട്ടുതന്നെ നീങ്ങി. മഞ്ഞയിൽ കറുപ്പ് നിറം പുരട്ടിയെ ഒരു വലിയ കോൺക്രീറ്റ് ബോർഡിന്റെ കീഴെ ആ നടത്തം അവസാനിപ്പിച്ചു ഞാൻ നിരാശയോടെ തിരിഞ്ഞു കുറച്ചുദൂരംകൂടി നടന്നു. വീണ്ടും ഒരു സിമന്റ് ബെഞ്ചിൽ സ്ഥാനം പിടിച്ചു.. രണ്ടു ബഞ്ച്അപ്പുറെ ഒരു നാടോടി സ്ത്രീ രണ്ടുകുട്ടികളിൽ മൂത്ത ആളെ സിമന്റ് ബെഞ്ചിൽ ഒരുകീറതുണിയിൽ കിടത്തി ഉറക്കാനുള്ള ശ്രമത്തിൽ..ഇളയകുട്ടി തോളത്തുകിടന്ന് അലമുറയിടുന്നു.. കുറച്ചുനേരത്തെ ശ്രമത്തിനൊടുവിൽ ഇളയ ആൾ ഉറങ്ങുന്നു..അടുത്തയാൾക്കുവേണ്ടി ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ അവർ കണ്ണ്നട്ടിരിക്കുന്നു.. കയ്യിലിരിക്കുന്ന പൊതിച്ചോറ് അവരുടെ തലയിൽ കെട്ടിവെക്കാനുള്ള എന്റെ വ്യഗ്രത കൂടിവന്നു, ഒരുതവണ പിൻവാങ്ങിയെങ്കിലും അതവർക്ക് കൊടുക്കാൻ തന്നെ തീരുമാനിച് മുന്നോട്ടു നടന്നു.. അടുത്തെത്തുന്നതിന് മുൻപ്തന്നെ ഒന്ന് നോക്കി ആ സ്ത്രീ.. എന്തുവേണമെന്ന ഭാവത്തിൽ തല മുന്നിലേക്കുയർത്തി , ഞാൻ ഒന്നും തന്നെ പറയാതെ എന്റെ ബാധ്യത അവരിലേക്ക്‌ കെട്ടിവെച്ചു.. വാങ്ങിക്കാൻ ആദ്യം മടികാണിച്ചെങ്കിലും നിര്ബന്ധിച്ചപ്പോഴതു സ്വീകരിച്ചു.. പുറത്തേക്കു തികട്ടിവന്ന തമിഴ് ചുവയിൽ എന്തോ ചോദിച്ചു.. പൊതിചോറാണെന്നു ഞാനും പറഞ്ഞു.. കുറച്ചുനേരം അവരാ പൊതിയിലേക്കുതന്നെ നോക്കി.. പിന്നെ എന്നെയും.. ശേഷം ആ സ്ത്രീ കറപുരണ്ട പല്ലുകാട്ടി ഒന്ന് ചിരിച്ചു... നിഷ്കളങ്കമായ പുഞ്ചിരി.. ഇതുവരെയുള്ള ജീവിതത്തിൽ മുൻപെങ്ങും കിട്ടാത്ത കാപട്യം ഒളിപ്പിക്കാത്ത ഒര് പുഞ്ചിരി.. ഒരു നേരത്തെ ഭക്ഷണത്തിന്റെ വിലയറിയാത്തതു കൊണ്ടാവാം അന്ന് ആ ചിരിക്കു പ്രത്യേകതയൊന്നും തോന്നിയില്ല.. അന്തിയോളം പൊരിവെയിലത്തു മണ്ണിൽ കഷ്ടപ്പെട്ട് അച്ഛൻ കൊണ്ടുവരുന്ന അരിക്കു പ്രത്യേകിച്ച് രുചിയൊന്നും തോന്നിയില്ല അന്ന്. അതുകൊണ്ടുതന്നെ മുൻപിൽ വിളമ്പിവെക്കുന്ന പാത്രത്തിലെ കറിയുടെ എണ്ണത്തിൽ കുറവു കണ്ടെത്തുയും, ഉപ്പിനും മുളകിനും പഴിചാരിയും , തന്നതിൽ കൂടുതൽ ഭാഗവും പട്ടിക്കും പൂച്ചക്കും വിരുന്നൊരുകാറാണ് പതിവ്.. അവരതു സന്തോഷത്തോടെ സ്വീകരിച്ചിട്ടേയുള്ളൂ എന്നും. പിന്നീടെപ്പോഴോ അഹങ്കാരത്തോട വലിച്ചെറിയുന്ന അന്നത്തിനു മുന്നിൽ ആ സ്ത്രീയുടെ നിഷ്കളങ്കമായ ചിരി വിലങ്ങുതടിയായിതുടങ്ങി.. അതൊരു കണ്ണുതുറപ്പിക്കലായിരുന്നു .. അന്നവരുടെ കണ്ണിൽ കണ്ട തിളക്കം ഇന്നു തിരിച്ചറിയാൻ പറ്റുന്നുണ്ട്, ഒരുപാട് വാക്കുകൾക്കു പകരം വെയ്ക്കാൻ ആ പുഞ്ചിരി മാത്രം മതിയായിരുന്നു. ആഹാരത്തിന്റെ വിലയറിയുന്നവന്റെ ഹൃദയം നിറഞ്ഞ ചിരി.. എന്തൊക്കെ വെട്ടിപ്പിടിച്ചു കാൽക്കീഴിൽ വെച്ചാലും ഇങ്ങനൊരു നിമിഷത്തിനു പകരം വെക്കാനാവില്ല., അതിനൊന്നിനും..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...