2019, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ആർത്തലച്ചു പെയ്യുന്ന മഴയാണ് .
രാവിലെ 6 മണി.
മുന്നിൽ 480 കിലോമീറ്റർ !😇
ലക്ഷ്യം കാഞ്ഞങ്ങാട്-വിജയനഗര സാമ്പ്രാജ്യം. !!!

വണ്ടി നീങ്ങിത്തുടങ്ങി..
ഒരുപാട് നാളത്തെ സുനിലിന്റെ പ്ലാൻ ആയിരുന്നു ഒരു ദൂരയാത്ര. അത് മണാലിയും ലേഹ് യും ലഡാക്കും ഒക്കെ കടന്നെങ്കിലും എന്റെ കയ്യിൽ കാശില്ലാത്തതുകൊണ്ടും ലീവ് വില്ലനായതുകൊണ്ടും ചെറിയൊരു യാത്രയിൽ ഒതുക്കേണ്ടി വന്നു.
അവന്റെ ഗൾഫിൽ നിന്നുള്ള വരവിന്റെ രണ്ടാമത്തെ ആഴ്ച എന്റെ ലീവും തരപ്പെടുത്തി യാത്രക്കുള്ള പ്ലാൻ തുടങ്ങി.
നാട്ടിൽ വന്നു വണ്ടി വാങ്ങി പോകാമെന്ന അവന്റെ പ്ലാൻ പോകുന്നതിനു ദിവസം അടുത്തിട്ടും നല്ല വണ്ടി ഒന്നും കിട്ടാതെ വന്നപ്പോൾ അവന്റെ അളിയന്റെ വണ്ടി ഞങ്ങൾക്കു ചൂണ്ടേണ്ടിവന്നു.!
മാർഗ്ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം.😉

ഓടിത്തുടങ്ങിയപ്പോൾ മനസിലായി ഇതുകൊണ്ടു വൈകുന്നേരത്തിനു മുൻപ് ഹംപി എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല..
കാസർഗോഡ് വരെ വല്യ കുഴപ്പമില്ലാത്ത റോഡ് അതിനു ശേഷം ഒരു കുഴിയിൽ നിന്നും മറ്റൊരു കുഴിയിലേക്കുള്ള ചാട്ടം ആയിരുന്നു അങ്ങ് കേരള കർണാടക ബോർഡർ വരെ. ഇടക്കൊന്നു മനസ്സ് മടുത്തെങ്കിലും  കന്നഡ നാട്ടിലെ ഇഡ്ഡലിയും വടയും കഴിച്ചു മംഗളൂരു വിട്ടതോടേ ഉഷാറായി.
വണ്ടി ആണെകിൽ 80തിന് മുകളിൽ കയറില്ല എന്ന വാശിയും.. ആൾടെ ലിമിറ്റ് അതാണത്രേ.!
അത് ക്രോസ്സ് ചെയ്‌താൽ പുള്ളിക്കാരൻ എവിടുന്നൊക്കെയോ ഒച്ചപ്പാടും ബഹളോം ഉണ്ടാക്കാൻ തുടങ്ങും.😣
ഒന്നും പറയണ്ട..
ഒരുപാട് ദൂരം പോവേണ്ടത്കൊണ്ട് ആളെ അത്രക്കങ്ങു ഗൗനിക്കാതെ കൊണ്ടുപോകാനും വയ്യ.
മംഗളുരു വിട്ടതോടെ മഴ മാറി തുടങ്ങി..
നല്ല റോഡ് രാവിലെയുള്ള തിരക്കൊഴിച്ചാൽ ശാന്തം..
അഗുംബെ-ഹാർപ്പനഹള്ളി വഴി ഹംപി യിൽ എത്തുക എന്നതായിരുന്നു പ്ലാൻ അതുകൊണ്ടു തന്നെ ഉഡുപ്പി കഴിഞ്ഞു ഹൈവെയിൽ നിന്നും മാറി വണ്ടി ഓടിത്തുടങ്ങി.
തനി നാട്ടിൻപുറം. വീതികുറഞ്ഞതാണേലും നല്ല റോഡ്.
ഇടക്കൊക്കെ പിന്നോട്ട് മറയുന്ന ചെറിയ വീടുകൾ..
കാറ്റാടി മരങ്ങൾ..ദൂരെ കോടമഞ്ഞു പുതച്ചുറങ്ങുന്ന മലകൾ..
ഗ്രാമങ്ങൾ മാറി വനത്തിലൂടെ ആയി പിന്നീടുള്ള യാത്ര..അഗുംബെയുടെ ഹെയർ പിന്നുകൾ കയറി ജുപിറ്റർ ഓടിക്കൊണ്ടിരുന്നു. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ  മഴ ലഭിക്കുന്ന സ്ഥലമാണ് അഗുംബെ.
ഇടയ്ക്കു വെച്ച് ഒരു കുരങ്ങിന് കുഞ്ഞു വട്ടം ചാടിയെങ്കിലും ആരുടെയോ ഭാഗ്യം കൊണ്ട് ഇടിക്കാതെ രക്ഷപ്പെട്ടു.
തീർത്ഥഹള്ളിയിൽ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞു വീണ്ടും മുന്നോട്ടു..
ക്ഷീണിക്കുമ്പോൾ റെസ്റ്റെടുത്തും ഫോട്ടോസ് എടുത്തും പതുക്കെ നീങ്ങി.
നമ്മുടെ നാടിനെ അപേക്ഷിച്ചു ഇപ്പോഴും വളർച്ചയെത്താത്ത ഒരുപാട് ഗ്രാമങ്ങൾ..
നമ്മളിൽ ചിലരുടെ എങ്കിലും ഓർമ്മയിൽ ഇന്നും ബാക്കിയുണ്ടാകും കാളവണ്ടിയും കഴുതവണ്ടിയും..
അതിന്നും കാണാൻ പറ്റും ഈ വഴി യാത്ര ചെയ്‌താൽ..
സൂക്ഷിച്ചു വണ്ടിയോടിച്ചില്ലെങ്കിൽ പട്ടിയും പശുവും കുറുകെ ചാടി അവക്കൊപ്പം മൂക്കും കുത്തി വീഴുമെന്നു ഉറപ്പ്.!!
സമയം ഇരുട്ടിത്തുടങ്ങി ദൂരെ മലനിരകളിൽ നിരനിരയായ് കാറ്റാടിയന്ത്രങ്ങൾ കാണാം അതിനു മുകളിലെ ചുവന്ന വെളിച്ചം പൊട്ടുപോലെ തിളങ്ങി നിൽക്കുന്നുണ്ട്..
ഇനിയും എൺപതു കിലോമീറ്ററോളം ഉണ്ട്.
മടുത്തുതുടങ്ങി..
വൈകും എന്നതുകൊണ്ട് തന്നെ ഹംപിക്കു അടുത്തുള്ള സിറ്റി ആയ ഹോസ്‌പെട്ടിൽ റൂം തരപ്പെടുത്താം എന്ന് തീരുമാനിച്ചു..
ഈ യാത്രയിലാണ് ആദ്യമായിട്ട് ടണലിൽ കൂടി വണ്ടി ഓടിക്കാൻ കഴിഞ്ഞത്.
രാത്രിയോടെ റൂം എടുത്തു ഭക്ഷണവും കഴിച്ചു കിടന്നതു മാത്രമാണ് ഓര്മ.
കണ്ണ് തുറക്കുമ്പോൾ രാവിലെ 9 മണി !
ക്ഷീണം കാരണം നന്നായിട്ടു ഉറങ്ങി.
പിന്നൊരു ഓട്ടപ്പാച്ചലിൽ റെഡി ആയി. മഴകാരണം ബാഗിൽ ഇരുന്ന ജാക്കറ്റ് അപ്പോഴാണ് എടുക്കുന്നത്.
വലിച്ചു കെറ്റിക്കഴിഞ്ഞപ്പോഴാണ് മനസിലായത് സിബ് എവിടോ പോയി..
പോയതാവില്ല പുന്നാര അനിയൻ എടുത്തു അതിന്റെ പരിപ്പിളക്കീതാണ്..!
അങ്ങനെ അതും റൂമിൽ ഉപേക്ഷിച്ചു. അടുത്തുള്ള  ഹോട്ടലിൽ കയറി പള്ളയും വീർപ്പിച്ചു നേരെ വച്ചുപിടിച്ചു ഹംപിക്കു. ഹോസ്‌പെട്ടിൽ നിന്നും 13km ആണ്.  അടുക്കുംതോറും ഭൂപ്രകൃതിയിൽ വരെ മാറ്റം  അറിയാൻ കഴിയുന്നുണ്ട്.

ഹംപി..
കേട്ട് കേട്ട് കാണാൻ ഉള്ള ആഗ്രഹം ഉള്ളിൽ കൊടികുത്തി വാഴാൻ തുടങ്ങിയപ്പോഴാണ് യാത്ര ഹംപിയിലേക്കെന്നു ഉറപ്പിച്ചത്.
അതാണ് കർണാടകയുടെ ഹൃദയത്തിലെത്തി നിൽക്കുന്നത്.
അറിയാം ഇനിയുള്ള കാഴ്ചകൾ മറക്കാൻ പറ്റില്ല, ഉയിര്‌ള്ളിടത്തോളം കാലം.
അടുക്കി വെച്ചപോലെ കാണുന്ന ഓരോ പാറക്കൂട്ടവും അവ ഒരു ശില്പിയുടെ കൈവഴക്കത്തോടെ നിർമ്മിക്കപ്പെട്ടത് പോലെ തോന്നും.
തുംഗഭദ്ര നദിയോട് ചേർന്ന് ഒരു സുവർണ്ണ കാലത്തിന്റെ മഹത്തായ തിരുശേഷിപ്പുകളിൽ ഇപ്പോഴും തലയുയർത്തി നിൽക്കുന്ന വിജയനഗരം.
എവിടെ നോക്കിയാലും ചരിത്ര അവശേഷിപ്പുകൾ.
ചരിത്രവും പഴംകഥകളും കൂടിക്കലർന്ന നിറപ്പകിട്ടുള്ള ഒരു ഭൂതകാലം പേറുന്ന എന്നും വിസ്മയിപ്പിക്കുന്ന ഒന്നാണ് ഹംപി.
ഒരിക്കലും ഹംപിയെ വെറുമൊരു കല്ലുകളുടെ ലോകമായി കാണരുത്,
നൂറ്റാണ്ടുകൾക്കു മുന്പ് ശത്രു രാജ്യത്തിന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞു കാലക്രമേണ തോൽവിയുടെ ചരിത്രത്തിലേക്ക് മാഞ്ഞുപോയ ഒരു ജനതയുടെ ലോകമായി കാണാൻ കഴിയണം.
ഒന്ന് ചെവിയോർത്താലറിയാം  പ്രതാലകാലത്തിന്റ കുതിരക്കുളമ്പടിയും രാജകല്പനകൾക്കൊപ്പമുള്ള
പെരുമ്പറ മുഴക്കവും.
ഒപ്പം തകർന്നടിഞ്ഞ കല്ലുകൾക്കിടയിൽ മനസ്സ് കൂർപ്പിച്ചാൽ ഒരു രാജ്യത്തിന്റെ നിലവിളി ശബ്ദം കൂടി കേൾക്കാൻ കഴിഞ്ഞേക്കും.

ആദ്യം എത്തിച്ചേർന്നത് വിരൂപക്ഷ ക്ഷേത്രത്തിന്റെ കല്ല് പതിച്ച തെരുവോരത്തായിരുന്നു..
വണ്ടി ഒതുക്കി പടുകൂറ്റൻ  ഗോപുരം കടന്നു പുരാതന അമ്പലത്തിനു അകത്തു പ്രവേശിച്ചു.
പഴമ വിളിച്ചോതുന്നുണ്ട്..
ശില്പങ്ങളും ഗോപുരങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്.
ഒന്ന് രണ്ടു കുരങ്ങന്മാർ തക്കം പാർത്തു നടക്കുന്നു , കുളക്കടവിൽ മീനുകൾക്ക് തീറ്റ വിൽക്കുന്ന സ്ത്രീ പ്രതീക്ഷയോടെ നോക്കുന്നുണ്ട്..
കുളത്തിലേക്കുള്ള പടവുകൾ ഇറങ്ങി, ഒരുപാട് മീനുകൾ തീറ്റ പ്രതീക്ഷിച്ചു തലപൊക്കി നോക്കുന്നുണ്ട്.
പലസ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ വന്നു പോകുന്നുണ്ട്.
വെയിലിനു കാഠിന്യം കൂടി വരുന്നുണ്ടോ..
ഉണ്ട്.
പതുക്കെ നടന്നു പുറത്തുകടന്നു തുംഗഭദ്ര യുടെ തീരത്തൂടെ കുറച്ചു നടന്നു. അമ്പലത്തിനു ഇടതുവശത്തായി പാറക്കൂട്ടങ്ങൾക്കുമേൽ തലയുയർത്തി നിൽക്കുന്ന ചെറുതും വലുതുമായ അമ്പലങ്ങൾ.
നടന്നുകയറി...
മുകളിൽ നിന്ന് നോക്കിയാൽ ഹംപിയുടെ മറ്റൊരു സൈഡ് ആയ ഹിപ്പി അയ്ലൻഡ് കാണാം.
ഹംപി യാത്രയെപ്പറ്റി പറഞ്ഞപ്പോൾ ആദ്യം കിട്ടിയ അറിവ് ഹിപ്പി അയ്ലന്റിൽ റൂം എടുക്കണം എന്നായിരുന്നു.
നിര്ഭാഗ്യവച്ചാൽ വെള്ളപ്പൊക്കം ബാധിച്ചതുകൊണ്ടു ഹിപ്പിയിലുള്ള സ്റ്റേ നിർത്തിവെച്ചു എന്ന് അറിയാൻ കഴിഞ്ഞു .
കുന്നിറങ്ങി അടുത്ത ലക്‌ഷ്യം അന്വഷിച്ചിറങ്ങി നേരെ പാൻ സുപാരി ബസാറും ഹംപി ബസാറും കഴിഞ്ഞു വിജയ വിറ്റാലാ ടെംപിളിലേക്കു പശുക്കളുടെ നിരയ്ക്ക് പിന്നാലെ ഞങ്ങളും നടന്നു.
ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ കാണുന്ന കല്ലിൽ നിർമ്മിച്ച രഥം മുതൽ ഇവിടെ കാഴ്ചകളുടെ ഉത്സവം തുടങ്ങും. തട്ടിയാൽ സംഗീതം കേൾക്കുന്ന തൂണുകളും കൊത്തുപണികളുള്ള ചുവരുകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
സമയം ഉച്ചയോടടടുക്കുന്നു..
വിശപ്പിന്റെ മുറവിളി അലോസരപ്പെടുത്തിയപ്പോൾ ഹസാരെ രാമ ക്ഷേത്രവും കണ്ടു അന്നം തേടിയുള്ള യാത്രയായി.
ബ്രിഷ്ടാന്നം വെട്ടി വിഴുങ്ങി വരും വഴി ക്യുൻസ് ബാത്തും മഹാനവമി മണ്ഡപവും കൂടെ ആനപ്പന്തിയും ലോട്ടസ് മഹലും കണ്ടു.

സൂര്യാസ്തമയം ആവുന്നതിനു മുൻപ് മാതങ്ക ഹിൽസിനു മുകളിൽ എത്തണം. അഞ്ഞൂറിൽ പരം പടവുകൾ കയറി കൈവരികൾ പോലും ഇല്ലാത്ത പാറക്കൂട്ടത്തിലൂടെ മുകളിലെത്തുക എന്നത് അത്ര എളുപ്പം ആയിട്ട് തോന്നിയില്ല. കാലൊന്നു പിഴച്ചാൽ, ശ്രദ്ധയൊന്നു തെറ്റിയാൽ ..!!
ഒടുവിൽ മുകളിലെത്തി ചുറ്റും കാണുന്ന കാഴ്ചകൾ കണ്ണിൽ നിറയാതെ വരുന്നു..എങ്ങും പാറക്കൂട്ടങ്ങൾ..
ആരോ പെറുക്കിവെച്ചപോലെ..
താഴോട്ടു നോക്കിയാൽ അച്യുതായന ടെമ്പിളും മറു വശത്തു വീരുപക്ഷ ടെമ്പിളും കാണാം.
തുംഗഭദ്രക്കു മറുവശത്തായി അങ്ങ് ദൂരെ മങ്കി ടെംപിളിന്റെ വെള്ള പൂശിയ പടവുകൾ പൊട്ടുപോലെ കാണുന്നുണ്ട്..
മങ്കി ടെമ്പിളിന് ഒരു പ്രത്യേകതയുണ്ട്,
"അഞ്ഞൂറ് സ്റ്റെപ്പും കുറെ കുരങ്ങൻമ്മാരും"
ഇത് ഞാൻ പറഞ്ഞതല്ല ആനന്ദം സിനിമയിൽ  ഒരു ക്യാരക്ടർ പറഞ്ഞതാ😂
നാളത്തെ സൂര്യോദയം അതിനുമുകളിൽ നിന്ന് വേണം എന്ന് അടിവരയിട്ടു കുറിച്ചിട്ടു.
സുനിൽ ഏങ്ങിവലിഞ്ഞു കയറിവരുന്നുണ്ട്..
വാങ്ങിയ വെള്ളമൊക്കെ മുകളിൽ എത്തിയപ്പോഴേ തീർന്നു.
കാത്തിരിപ്പാണ് സൂര്യാസ്തമയത്തിനായ്..
ആരൊക്കെയോ കയറി വരുന്നുണ്ട്..
ഇറ്റലിയിൽ നിന്നും ഇന്ത്യ കാണാൻ ഇറങ്ങിയ നാല് സ്ത്രീകൾ..
സ്വസ്ഥമായ ഇരിക്കാൻ ഒരിടം നോക്കി ഓടിക്കയറി വന്ന കമലാപുർ സ്വദേശി..
ജർമ്മൻ കപ്പിൾസ്.. രണ്ടു കാസർകോടൻ ചങ്ങാതിമാർ.. വീണ്ടും ചിലർ..
ഒരുപാട് നേരം ഇരുന്നും ഫോട്ടോയെടുത്തും മുന്നോട്ടുപ്പോയി..
മഴമൂടം കാരണം പ്രതീക്ഷിച്ച ഒരു സൂര്യാസ്തമയം ആസ്വദിക്കാൻ കഴിഞ്ഞില്ല.
ഇനിയൊരിക്കലാവട്ടെ..
ഇരുട്ടിത്തുടങ്ങി..
പതുക്കെ കുന്നിറങ്ങി. ശ്രദ്ധിച്ചു കാലുകൾ വെച്ചില്ലേൽ തെന്നി വീഴുമെന്നു ഉറപ്പ്.
പടവുകൾ ഇറങ്ങി..
ഇനി നേരെ റൂമിലേക്ക്.
രാവിൽ എഴുന്നേൽക്കണം.
ഹിപ്പി അയ്ലാന്റിൽ എത്തിയാൽ എളുപ്പത്തിൽ മങ്കി ടെംപിളിൽ എത്തിപ്പെടാം..പക്ഷെ 6മണിക്ക് മാത്രമാണ് ആദ്യബി ബോട്ട്. പിന്നുള്ളൊരു മാർഗം 25km വണ്ടി ഓടിച്ചു മറുകര എത്തുക എന്നതാണ്.
സൂര്യോദയം നഷ്ടപ്പെടാതിരിക്കാൻ രണ്ടാമത്തെ വഴിതന്നെ തിരഞ്ഞെടുക്കേണ്ടി വന്നു.
രാവിലെ 4.30മണിക്ക് എഴുന്നേറ്റു  നേരെ മങ്കി ടെമ്പിൾ ലക്ഷ്യമാക്കി നീങ്ങി.
നിശബ്ദമായ റോഡും ആളനക്കമില്ലാത്ത ചുറ്റുപാടും..
അഞ്ചുമണിയോടെ എത്തിച്ചേർന്നു..
മൊത്തം 575 പടവുകൾ..
കയറിത്തുടങ്ങി..മുകളിലെത്തുംതോറും കാഴ്ചകൾ തെളിഞ്ഞു തുടങ്ങുന്നുണ്ട്..
ഏറ്റവും മുകളിലായി വെള്ളപൂശിയ ഒരു അമ്പലം. ഹനുമാന്റെ രൂപം വരച്ച ഒരു കാവിക്കൊടി പാറിക്കളിക്കുന്നുണ്ട്.
ഒരുകൂട്ടം കുരങ്ങൻമ്മാരെ ഒഴിച്ചാൽ ആളനക്കം ഒന്നും തന്നെയില്ല..
മഴമൂടം വീണ്ടും ചതിചു.
സൂര്യൻ തിരിഞ്ഞുനോക്കാതെ വന്നപ്പോൾ തിരിച്ചിറങ്ങാൻ തീരുമാനിച്ചു.
ചിലരൊക്കെ പടവുകൾ കയറുന്നുണ്ട്..
ആദ്യം കയറിയതും ഇറങ്ങിയതും ഞങ്ങൾ ആണെന്ന് തോന്നുന്നു..
അടുത്ത ലക്‌ഷ്യം ഗോവ ആണ്..
ഏകദേശം മുന്നൂറ്റി എൺപതു കിലോമീറ്ററോളം ഉണ്ട് ഹംപിയിൽ നിന്നും.
സമയം കളയാതെ റൂം വെക്കേറ്റ് ചെയ്തു വൈകുന്നേരം ആവുമ്പോഴേക്കും ഗോവ പിടിക്കാൻ ഉള്ള പ്ലാൻ ആയിരുന്നു.
പത്തുമണിയോടെ ഹംപിയോട് വിടപറഞ്ഞു.
ഒരു ഓട്ടപ്പാച്ചിലിൽ കണ്ടു തീർക്കേണ്ടതല്ല ഹംപി.
ഒരുപാട് സ്ഥലങ്ങൾ ബാക്കി വെച്ചിട്ടാണ് ഹംപിയോടു യാത്ര ചോദിച്ചതും.
ഏകദേശം ആയിരത്തിനു മുകളിൽ അമ്പലങ്ങൾ തന്നെയുണ്ട് ഹംപിയിൽ.
കാണാതെ പോയതൊക്കെ മറ്റൊരു യാത്രക്ക് പ്രജോധനാമാവട്ടെ.

തുടക്കത്തിൽ നല്ല റോഡ് ആയിരുന്നെകിലും വർക്ക് നടക്കുന്നതുകൊണ്ടു തന്നെ ഇടയ്ക്കൊക്കെ വളരെ മോശം ആയിരുന്നു, കൂടാതെ പൊടിയും.
സമയം ഉച്ചയോടടുക്കുന്നു..
നല്ല ചൂടും..
സത്യം പറയാലോ ഇട്ട ജെട്ടിയുടെ ഇലാസ്റ്റിക് വരെ പണി തരാൻ തുടങ്ങി..
ഇരിപ്പുരയ്ക്കാതെ വരുമ്പോൾ വണ്ടി നിർത്തി റസ്റ്റ് എടുക്കും വീണ്ടും ഓടിക്കും..
ഇതിങ്ങനെ തുടർന്ന്കൊണ്ടേയിരുന്നു.
മൂന്നു മണി കഴിഞ്ഞപ്പോഴേക്കും ഹൂബ്ലി കേറി.
ഹൂബ്ലി-പുണെ ഹൈവേ ആണ് ഇനിയങ്ങോട്ട് കുറെ ദൂരം.
വളരെ നല്ല റോഡ്, വല്യ വാഹനങ്ങൾ ഒരുപാടുണ്ട്.
നല്ലൊരു ഹോട്ടൽ കിട്ടിയപ്പോൾ ഫുഡ് കഴിച്ചു.
ഗൂഗിൾ മാപ്പിട്ടാണ് യാത്ര.
കുറെ മുന്നോട്ടു പോയി കഴിഞ്ഞപ്പോൾ നാവിഗേറ്റർ സുനിൽ സർ ഒരു പോക്കറ്റ് റോഡിൽ കേറാൻ പറഞ്ഞു.
കേറി കഴിഞ്ഞപ്പോ  പന്തികേട് തോന്നിയെങ്കിലും പിന്നീടത് മാറി.
പക്ഷെ വലിയൊരു പണിക്കുള്ള തുടക്കം ആയിരുന്നു എന്ന് പിന്നീടാണ് മനസിലായത്.
അഞ്ചു മണി കഴിഞ്ഞതേ ഉള്ളുവെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം.
ചെറുതാണെകിലും മോശമല്ലാത്ത റോഡ്
ഇരുവശങ്ങളിലും കൃഷിയിടങ്ങൾ..
നാട്ടിന്പുറത്തുകൂടിയുള്ള യാത്ര ആസ്വദിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കയാണ്..
ഇരുട്ട് കേറിത്തുടങ്ങി.
നാടിന്റെ ഭംഗി മാറി കാടിന്റെ രൗദ്ര സൗന്ദര്യം വന്നു തുടങ്ങി..
കാട്ടുപോത്തിന്റെയും ആനയുടെയും കടവയുടെയും ചിത്രങ്ങൾ വഴിയരികിൽ ബോർഡിൽ ഒട്ടിച്ചുവെച്ചിരിക്കുന്നു..
എത്ര ഓടിയിട്ടും ദൂരം കുറയാത്തതുപോലെ..
അടുത്തപണി വീണ്ടും കിട്ടി.
പെട്രോൾ തീരാനായി വരുന്നു..!!!
കയ്യിൽ ആണേൽ ഒരു ലിറ്റർ മാത്രം ആണ് എക്സ്ട്രാ കരുതിയിരിക്കുന്നത്.
ഈ പോക്ക് കണ്ടിട്ട് അതും മതിയാകാതെ വരും.
ഇരുട്ടിനു ശക്തികൂടി..
ഒപ്പം മഴയും..
റോഡും ചിലയിടങ്ങയിൽ ഒക്കെ മോശം ആയി വരുന്നു..
ഉള്ളിൽ പേടി കേറിത്തുടങ്ങി..
വല്ലപ്പോഴും പാസ്സ് ചെയ്തുപോകുന്ന വണ്ടികൾ.
എന്തേലും സംഭവിച്ചു കഴിഞ്ഞാൽ പെട്ടതുതന്നെ.!!
മഴ പെയ്‌തു റോഡിലെ കുഴി പലതും കാണാൻ കഴിയുന്നില്ല.
പലതിലും വീണു.
ഭാഗ്യം കൊണ്ട് പലപ്പോഴും വണ്ടി കയ്യിൽ നിന്ന് പോയില്ല.
കോടമഞ്ഞിറങ്ങി തുടങ്ങി..
വണ്ടിയുടെ വെളിച്ചം എങ്ങും എത്താതെ വരുന്നു.
പലപ്പോഴും മുന്നിൽ റോഡ് അവസാനിച്ചപ്പോൾ തോന്നിപ്പോകുന്നു..
ഏതോ ചുരം ഇറങ്ങുന്നപോലെ തോന്നുന്നുണ്ട്.
എവിടെയോ ഒരു പ്രതീക്ഷ വന്നു.
ആ പ്രതീക്ഷ വെച്ച് പിന്നെയും ഓടി ഒരുപാട് ദൂരം.
Welcome to goa !!
ഒരു പച്ചബോർഡ് ലൈറ്റ് അടിച്ചു റിഫ്ലെക്ട് ചെയ്തു നിൽക്കുന്നത് കാണാം. ഒപ്പം അടുത്തായി ഒന്ന് രണ്ടു ഹോട്ടലുകളും..
കയ്യിലിരുന്ന അവസാന ബോട്ടിൽ പെട്രോളും അതോടെ കാലിയായിരുന്നു..
മഴ തകർത്തു പെയ്യുന്നുണ്ട്.
കുറച്ചൂടെ മുന്നോട്ടു പോയപ്പോൾ പെട്രോൾ ബങ്ക് കിട്ടി.
ഭാഗ്യം വീണ്ടും തുണച്ചു.
ഞങ്ങൾ പെട്രോൾ അടിച്ചു കഴിഞ്ഞതും അവർ ബങ്ക് അടച്ചു.
കുറച്ചുകൂടി വൈകിയിരുന്നെകിൽ ചിലപ്പോൾ അന്നത്തെ യാത്ര ഏതേലും കടത്തിണ്ണയിലോ മരച്ചുവട്ടിലോ അവസാനിച്ചേനെ, കാരണം അതിനു ശേഷം ഒരു ഫില്ലിംഗ്  സ്റ്റേഷൻ കണ്ടത് ഒരുപാട് ദൂരം ചെന്നതിനു ശേഷം ആണ്.
ഏകദേശം പത്തുമണിയോടെ മഡ്‌ഗോൺ എത്തി റൂം എടുത്തു.
ശരിക്കും ക്ഷീണിച്ചിരുരുന്നു.
വെളുപ്പിന് നാലരക്ക് വണ്ടി ഓടിക്കാൻ തുടങ്ങിയതാണ്.
മങ്കി ടെംപിളിൽ ചിലവഴിച്ച സമയം ഒഴിച്ചാൽ ബാക്കി സമയമത്രയും വണ്ടിയിൽ തന്നെ ആയിരുന്നു.
ഫുഡും കഴിച്ചു കിടന്നതു മാത്രമേ ഓർക്കുന്നുള്ളു.
രാവിലെ 9മണിക്കാണ് കണ്ണ് തുറക്കുന്നത്.
റെഡി ആയി ഗോവ തെണ്ടാൻ ഇറങ്ങി.
കോൾവ ബീച്ചിൽ നിന്നും ഒരു കേരള ഹോട്ടലിൽ കേറി പൊറോട്ടയും കറിയും പറഞ്ഞു.
വെയ്റ്റർ ചേട്ടന്റെ മറുചോദ്യം കുടിക്കാൻ ചായ വേണോ ബിയർ വേണോന്നു.
ആഹാ എന്തുനല്ല ആചാരം😂😂.
അന്നേ ദിവസം സൗത്ത് ഗോവ കറങ്ങി അടുത്ത ദിവസം നോർത്ത് ഗോവ പോകാം എന്ന പ്ലാനിൽ രണ്ടു മൂന്നു ബീച്ചുകളിൽ കൂടി തെണ്ടിത്തിരിഞ്ഞു വൈകിട്ട്  സ്ട്രീറ്റ് മാർക്കറ്റിലും ചുറ്റിത്തിരിഞ്ഞു റൂമിലെത്തി കൂർക്കം വലി തുടങ്ങി.
പിറ്റേന്ന് രാവിലെതന്നെ നോർത്ത് ഗോവ എത്തി തലേദിവസത്തെപ്പോലെ തന്നെ ബീച്ചുകളിൽ തെണ്ടിത്തിരിഞ്ഞു വൈകിട്ടതോടെ റൂമിൽ ചേക്കേറി..
ഓഫ് സീസൺ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു വളരെ തിരക്ക് കുറവുള്ളതുപോലെ തോന്നി.
എന്തോ..പ്രതീക്ഷിച്ച ഒരു ഗോവ കാണാൻ കഴിഞ്ഞില്ല.
വെളുപ്പിനെ മടങ്ങണം.
480 കിലോമീറ്ററോളം ഉണ്ട് നാട്ടിലേക്കു.
രാവിലെ ഇറങ്ങി..
കുറ്റം പറയരുതല്ലോ ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയ മഴയാണ്..കൂടെ നല്ല കാറ്റും.
വണ്ടി പലപ്പോഴും കയ്യിൽ നിന്ന് പോകുന്നതുപോലെ തോന്നുന്നു..
മഴ തകർത്തുപെയ്യുന്നുണ്ട്..
തരക്കേടില്ലാത്ത റോഡ് ആയതുകൊണ്ട് തന്നെ പറയത്തക്ക മടുപ്പു തോന്നിയില്ല.
കാർവാറും ഗോകര്ണവും പിന്നിട്ടു മുരുഡേശ്വരതോട് അടുക്കുന്നു.
ദൂരെ തലയുയർത്തി നിൽക്കുന്ന ശിവ പ്രതിമ കാണാം.
ദൂരെ നിന്ന് കണ്ടത് കണ്മുന്നിൽ എത്തിയിരിക്കുന്നു.
മഴയൊന്നു ശമിച്ചതു ഇപ്പോഴാണ് സമയം 12ആകുന്നു.
ഒന്നും കഴിച്ചിരുന്നില്ല.
ചായയും ചോറും ദോശയുടെ രൂപത്തിൽ ഒതുക്കി .
ലഗേജ് ഒക്കെ ക്ലോക് റൂമിൽ വെച്ച് ആ വലിയ ശിവ പ്രതിമക്കടിയിലെ കുഞ്ഞു പൊട്ടുകളായ് മാറി കുറച്ചുനേരം.
എത്ര വൈകി വീട്ടിലെത്തിയാലും കുഴപ്പമില്ല.
ഇരുട്ട് ആകുന്നതിനു മുൻപ് എങ്ങനെ എങ്കിലും കാസർഗോഡ് കഴിയണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.
ഈ യാത്രയിൽ ഏറ്റവും സ്ട്രോങ്ങ് ആയി എടുത്ത ഒരു തീരുമാനം ഇതാണെന്നു ഉറപ്പിച്ചു പറയാൻ കഴിയും.
കാരണം അത്രമാത്രം ഭംഗിയുള്ള റോഡ് ആയിരുന്നു തലപ്പാടി മുതൽ കാസർഗോഡ് വരെ.
പകല്ത്തന്നെ അതുവഴി പോകണമെങ്കിൽ പത്തൊന്പതാമത്‌ അടവ് പഠിക്കണം.
ഇരുട്ടുകൂടി ആയാൽ !!!
KSRTC യുടെ സ്‌കാനിയ ഒരുക്കിയ അത്യാവശ്യം വലിയൊരു ബ്ലോക്ക് കിട്ടില്ലായിരുന്നെങ്കിൽ കുറച്ചുകൂടി മുൻപേ ഉദ്ദേശിച്ചത് നടന്നേനെ..
എങ്കിലും ഇരുട്ട് കേറിത്തുടങ്ങിയപ്പോഴേക്കും ലക്‌ഷ്യം പിന്നിട്ടിരുന്നു..
എട്ടുമണിയോടെ കാഞ്ഞങ്ങാട് എത്തി വണ്ടിയുമായി സുനിൽ പോയി.
ഇനിയങ്ങോട്ട് ബസ് കേറി വീടുപിടിക്കണം.
വലിയ പ്രശ്ങ്ങൾ ഒന്നും ഇല്ലാതെ അവസാനിച്ചു.
ആറു ദിവസം.
1800കിലോമീറ്ററിന് മേൽ സഞ്ചരിച്ചൊരു യാത്ര.
ഓർമകളുടെ പുസ്തകത്താളുകളിലേക്കു ചിതലരിക്കാത്തവയോടൊപ്പം ഒരു എടുകൂടി കൂട്ടിച്ചേർക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഉള്ളിലുണ്ട് .
ബക്കറ്റ് ലിസ്റ്റിൽ നിന്നും രണ്ടിടം കൂടി വെട്ടിമാറ്റപ്പെട്ടു..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...